കോഴിക്കോട്ടുകാരൻ ഇനി കേരളത്തിൻറെ ചീഫ് സെക്രട്ടറി
പഠന കാലത്ത് വിവിധ മേഖലകളിൽ ശ്രദ്ധ നേടിയിരുന്നു അദ്ദേഹം
കോഴിക്കോട്: നഗരത്തിന്റെ സ്ഥിരം സാന്നിധ്യമായിരുന്ന ഡോക്ടർ വേണു സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിലേക്ക് . കോഴിക്കോട് നടക്കാവിൽ ജനിച്ചു വളർന്ന ഡോക്ടർ വേണു ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലും മലബാർ ക്രിസ്ത്യൻ കോളേജിലുമാണ് പഠിച്ചത്.പഠനകാലത്ത് വിവിധ മേഖലകളിൽ ശ്രദ്ധ നേടിയിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ വേണു കുറേക്കാലം മുക്കത്ത് സ്വന്തമായി ക്ലിനിക് നടത്തിയിരുന്നു. പിന്നീടാണ് സിവിൽ സർവീസ് മോഹം മനസ്സിലുദിക്കുന്നത്.
എംബിബിഎസ് പഠന കാലത്ത് തന്നെ സാമൂഹ്യ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപ്പെട്ടു. പഠനാനുബന്ധ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ട ഡോക്ടർ വേണു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ആലപ്പുഴ പൂന്തുറ വാസുദേവ പണിക്കരുടെയും കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്ത്രീ രോഗ വിഭാഗത്തിലെ ഡോക്ടർ പിടി രാജമ്മയുടെയും മകനാണ്.
കോഴിക്കോട്ടെ നാടക അരങ്ങുകളിലും സജീവമായിരുന്ന അദ്ദേഹത്തിന് മലയാളത്തിൽ ഒപ്പിടുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന വിശേഷണം കൂടിയുണ്ട്. തൃശ്ശൂർ അസിസ്റ്റൻറ് കലക്ടർ ആയിട്ടായിരുന്നു ആദ്യത്തെ നിയമനം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഭാര്യ.

