പ്രകൃതിദുരന്തങ്ങളും മറ്റും നേരിടുന്നതിന് ആയഞ്ചേരി പഞ്ചായത്തിൽ പ്രത്യേക ദ്രുത കർമ്മസേനക്ക് രൂപം നൽകി
സന്നദ്ധ പ്രവർത്തകർ അടങ്ങിയ ടീമിന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലനം

ആയഞ്ചേരി: പ്രകൃതിദുരന്തങ്ങളും മറ്റും നേരിടുന്നതിന് ആയഞ്ചേരി പഞ്ചായത്തിൽ പ്രത്യേക ദ്രുത കർമ്മസേനക്ക് രൂപം നൽകി. നാദാപുരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ സി. കെ. ഷൈജേഷ് പരിശീലനത്തിന് നേതൃത്വം നൽകി. ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ അടങ്ങിയ ഒരു ടീമിനാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകിയത്.
പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ ദൈനംദിന ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന തീപ്പൊള്ളൽ, ഗ്യാസ് ലീക്ക്, തീപിടുത്തം, പ്രാഥമിക ശുശ്രൂഷകൾ, അടിയന്തര സാഹചര്യത്തിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വിവിധതരം സുരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണം തുടങ്ങിയവ വളണ്ടിയർമാരെ പരിചയപ്പെടുത്തി.പരിശീലന ക്ലാസിന്റെ ഉദ്ഘാടനം കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു.
വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, പി. എം. ലതിക, പഞ്ചായത്ത് അംഗങ്ങളായ ടി. സജിത്ത്, ടി. കെ. ഹാരിസ്, എം.വി. ഷൈബ, എൻ. അബ്ദുൽ ഹമീദ്, പി. കെ. ആയിഷ ടീച്ചർ, പി.ലിസ, എ. സുരേന്ദ്രൻ, പി. രവീന്ദ്രൻ, കെ.കെ. ശ്രീലത, സുധാ സുരേഷ്, പ്രവിത അണിയോത്ത്, ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ എം. ജയേഷ് തുടങ്ങിയവർ സംസാരിച്ചു.