പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് വേഗത്തിലെത്താന്‍ ആംബുലന്‍സ് വിളിച്ചു; ഒടുവില്‍ പോലീസ് പിടിയില്‍
അത്യാവശ്യമായി എറണാകുളത്തേക്ക് പോകേണ്ടതിനാലാണ് ആംബുലൻസ് വിളിച്ചതെന്ന് സ്ത്രീകൾ

കോഴിക്കോട്: അത്യാവശ്യമായി എറണാകുളത്തെത്തേണ്ടതിനാൽ പയ്യോളിയിൽ നിന്ന് ആംബുലൻസ് വിളിച്ച് യാത്ര ചെയ്ത രണ്ടു സ്ത്രീകള്‍ പിടിയിൽ. എത്രയും പെട്ടെന്ന് എറണാകുളത്ത് എത്തിക്കണമെന്നും പണം നൽകാമെന്നും പറഞ്ഞാണ് സ്ത്രീകൾ ആംബുലൻസ് വിളിച്ചത്. ട്രെയിൻ കിട്ടാത്തതിനെ തുടർന്നാണ് തുറയൂർ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ ആംബുലൻസിൽ യുവതികൾ യാത്ര ചെയ്തത്.
ആംബുലൻസ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരെ സ്ത്രീകൾ ആദ്യം സമീപിച്ചെങ്കിലും അവർ ആവശ്യം നിരസിച്ചു. തുടർന്ന് ഇവര്‍ ഓട്ടോ മാർഗം തുറയൂരില്‍ എത്തുകയും അവിടെയുള്ള തുറയൂർ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ആംബുലൻസില്‍ എറണാ കുളത്തേക്ക് യാത്ര പുറപ്പെടുക യുമായിരുന്നു. ഇക്കാര്യം സ്ത്രീകളെ തുറയൂരിൽ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവർ പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരോട് വിളിച്ചു പറഞ്ഞു. പിന്നാലെ ആംബുലൻസ് ഡ്രൈവർമാർ ആംബുലൻസിന്റെ ഫോട്ടോയും സന്ദേശവും വെച്ച് പൊലീസ്, ആർടിഒ ഉൾപ്പടെയുളളവർക്ക് പരാതി നൽകി.
ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ആംബുലൻസ് ഡ്രൈവർ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്തുക യായിരുന്നു. അത്യാവശ്യമായി എറണാകുളത്തേക്ക് പോകേണ്ടതിനാലാണ് ആംബുലൻസ് വിളിച്ചതെന്ന് സ്ത്രീകൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇവരെ പൊലീസ് എറണാകുളത്തേക്ക് ബസിൽ കയറ്റി വിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.