കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ അറസ്റ്റില്‍
നേരത്തെയും ഡോ.ഷെറി ഐസക്കിനെതിരെ പരാതി ഉയര്‍ന്നിരുന്നു
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിലായി. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടര്‍ ഷെറിൻ ഐസക്കാണ് വിജിലൻസ് പിടിയിലായത്. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്. 3000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിൽ ആണ് ഡോക്ടറെ പിടികൂടിയത്. പണം നൽകാതിരുന്നതിനാൽ ശസ്ത്രക്രിയ പലതവണ മാറ്റി വച്ചിരുന്നു. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ വച്ചായിരുന്നു അറസ്റ്റ്.
അതിനിടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. നേരത്തെയും ഡോ.ഷെറി ഐസക്കിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പരാതി അന്വേഷിച്ചിട്ടും ഡിഎംഇ നടപടി എടുത്തില്ല. മാർച്ച് 9 നാണ് ഡോക്ടർ 3500 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അന്വേഷണം പൂർത്തിയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളേജ് നൽകിയത്. എന്നിട്ടും ഡോക്ടർക്കെതിരെ നടപടി ഉണ്ടായില്ല.
അതേസമയം, കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ സ്വത്തുക്കളിൽ ഇഡി അന്വേഷണവും വരും. വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചതാണ് കാരണം. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലൻസ് വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കും. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. ഡോക്ടറെ ജയിലിലേക്ക് മാറ്റിയിരുന്നു.

