ചികിത്സക്കിടയിൽ കാണാതായി; യുവാവിന്റെ മൃതദേഹം ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ
ശസ്ത്രക്രിയക്ക് വിധേയനായ ശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രി ലിഫ്റ്റിനും ഭിത്തിയ്ക്കും ഇടയില്‍ നിന്ന് കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ എസ് ബിജു (36)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഈ മാസം പതിനാലിന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിജു. 16-ാം തീയതി ബിജുവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും ആശുപത്രി ഉൾപ്പടെ തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിലില്‍ ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ട മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നി രക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവസ്ഥലത്ത് പൊലീസെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.