headerlogo
recents

ജന നായകന് അന്ത്യ വിശ്രമം;സംസ്കാര ക്രിയകള്‍ പൂര്‍ത്തിയായത് ഇന്ന് പുലര്‍ച്ചയോടെ

അന്ത്യയാത്രയിലും ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ് ചരിത്രമെഴുതി

 ജന നായകന് അന്ത്യ വിശ്രമം;സംസ്കാര ക്രിയകള്‍ പൂര്‍ത്തിയായത് ഇന്ന് പുലര്‍ച്ചയോടെ
avatar image

NDR News

21 Jul 2023 07:44 AM

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസിലെ മുതിർന്ന നേതാവുമായിരുന്ന ഉമ്മൻചാണ്ടിക്ക് പുതുപ്പളളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പളളിയിൽ അന്ത്യവിശ്രമം.രാത്രി പത്ത് മണിയോടെ ആരംഭിച്ച സംസ്കാര ശുശ്രൂഷകള്‍ പന്ത്രണ്ട മണിക്ക് ശേഷമാണ് പൂര്‍ത്തിയായത്. പ്രത്യേകമായി ക്രമീകരിച്ച കല്ലറയിലാണ് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം അടക്കം ചെയ്തത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് വെച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് ആളുകൾ കണ്ണീർ പൂക്കൾ അർപ്പിച്ചു. തിരുനക്കരയിൽ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ വൻജനാവലിക്കൊപ്പം എ കെ ആന്റണി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങി നിരവധി നേതാക്കളാണ് പളളിയിലെത്തിയത്.

          വീട്ടിലെ പ്രാ‍ർത്ഥന ചടങ്ങുകൾക്ക് ശേഷം ആയിരങ്ങളുടെ അകമ്പടിയോടെയാണ് ജനനായകന്റെ ഭൗതിക ശരീരം പളളിയിലെത്തിച്ചത്.ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെടുമ്പോൾ കുടുംബാംഗങ്ങളോ കോൺഗ്രസ് പ്രവർത്തകരോ കരുതിയിരുന്നില്ല വഴിനീളെ കാത്തിരിക്കുന്നത് പതിനായിരങ്ങളാണെന്ന്. ആൾക്കൂട്ടങ്ങളില്ലാതെ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നില്ല. എപ്പോഴും ജനക്കൂട്ടത്തിനു നടുവിലായിരുന്നു ആ നേതാവ്. ജനങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ, പരിദേവനങ്ങൾ എല്ലാം ആ ചെവികൾ കേട്ടു, മനസറിഞ്ഞ് പരിഹാരം കണ്ടു. അന്ത്യയാത്രയിലും ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ് ചരിത്രമെഴുതി.

          28 മണിക്കൂർ എടുത്ത് അഞ്ച് ജില്ലകളിൽ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11ന് ആണ് വിലാപയാത്ര കോട്ടയം തിരുനക്കരയിൽ എത്തിയത്. കൈനിറയെ പൂക്കളും മനസ്സ് നിറയെ ഓർമകളുമായി വൻ ജനാവലി പ്രിയ നേതാവിനെ കാണാനായി മണിക്കൂറുകളോളം വഴിയരികിൽ കാത്തുനിന്നു. മൂന്നര മണിക്കൂർ നീണ്ട പൊതുദർശനം അധികൃതർ ഉച്ചയ്ക്ക് രണ്ടരയ്ക്ക് അവസാനിപ്പിച്ചു. പുതുപ്പളളി തറവാട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം പുതിയ വീട് പണിയുന്ന സ്ഥലത്തും പൊതുദർശനമുണ്ടായിരുന്നു.

NDR News
21 Jul 2023 07:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents