ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
പകൽക്കുറിയിൽ പള്ളിക്കൽ പുഴയിൽ ശനിയാഴ്ച വൈകിട്ടാണ് ഇവർ അപകടത്തിൽപ്പെട്ടത്

കിളിമാനൂർ : വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പോലും തികയാത്ത നവദമ്പതികളുടെ മൃതദേഹം തിരച്ചിലുകൾക്കൊടുവിൽ പള്ളിക്കൽ പുഴയിൽ കണ്ടെത്തി. കുമ്മിൾ ചോനാമുകൾ പുത്തൻവീട്ടിൽ സിദ്ദിഖ് (28), ഭാര്യ കാരാളിക്കോണം അർക്കന്നൂർ കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ അഗ്നിരക്ഷാസേന കണ്ടെത്തിയത്.15 ദിവസം മുമ്പ് വിവാഹിതരായ ഇരുവരും പള്ളിക്കലിലെ ബന്ധുവീട് സന്ദർശിച്ചശേഷം സമീപത്തുള്ള പുഴയിൽ സെൽഫി എടുക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്..
ദമ്പതികളെ രക്ഷിക്കാനായി പുഴയിൽ ചാടിയ ബന്ധു പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ പുത്തൻവീട്ടിൽ അൻസിൽഖാന്റെ (19) മൃതദേഹം ശനിയാഴ്ച രാത്രി കണ്ടെത്തിയിരുന്നു. പകൽക്കുറിയിൽ പള്ളിക്കൽ പുഴയിൽ ശനി വൈകിട്ടാണ് ഇവർ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ പതിനാറിനായിരുന്നു ഇരുവരുടെയും വിവാഹം. അൻസിൽഖാന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. വിരുന്ന് സൽക്കാരത്തിനുശേഷം അൻസിലിനൊപ്പം ദമ്പതിമാർ പള്ളിക്കൽപുഴ കാണാൻ പോയതാണ്.
ആറ്റിലെ പാറക്കൂട്ടത്തിൽനിന്ന് മൊബൈലിൽ ഫോട്ടോ എടുക്കുന്നതിനിടെ ദമ്പതിമാർ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ അൻസിൽഖാൻ നദിയിലേക്ക് ചാടിയതാണെന്ന് കരുതുന്നു. വൈകിട്ട് 6.30 കഴിഞ്ഞിട്ടും മൂവരെയും കാണാത്തതിനെ തുടർന്ന് അൻസിലിന്റെ അച്ഛൻ സെയിനുലാബ്ദീൻ അന്വേഷിച്ച് എത്തിയപ്പോഴാണ് റോഡരുകിൽ ബൈക്കുകളും പാറക്കെട്ടുകൾക്കു സമീപം ചെരുപ്പുകളും കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെയും പൊലീസിനെയും അറിയിച്ചു. തിരച്ചിലിനൊടുവിൽ രാത്രി 7.30ന് അൻസിൽഖാന്റെ മൃതദേഹം സെയിനുലാബ്ദീൻ തന്നെ മുങ്ങിയെടുത്തു. ഞായർ രാവിലെ 7.30ന് 200 മീറ്റർ താഴെയായി സിദ്ദിഖിന്റെയും 100 മീറ്റർ അകലെനിന്ന് നൗഫിയയുടെ മൃതദേഹവും സ്കൂബാ ടീം കണ്ടെത്തി.