നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബർ ഒന്നു മുതൽ ഏഴ് വരെ
നിയമസഭാ അങ്കണത്തിൽ വെച്ചായിരിക്കും പുസ്തകോത്സവം നടക്കുക.

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ ഒന്നു മുതൽ ഏഴ് വരെ നടത്തുമെന്ന് അറിയിച്ചു. വിപുലായ പുസ്തക ശേഖരണവും പൊതുജനപങ്കാളിത്തവും കാരണം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒന്നായ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നിയമസഭാ അങ്കണത്തിൽ വെച്ചായിരിക്കും നടക്കുക.
ഇതിന്റെ സെക്കന്റ് എഡിഷൻ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞു. പുസ്തക പ്രകാശനങ്ങൾ, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്ക് തുടങ്ങിയവ ഒന്നാം പതിപ്പിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രസാധകർക്കും തുല്യപ്രാധാന്യം നൽകിക്കൊണ്ടാണ് പുസ്തക പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇത്തവണ കൂടുതൽ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ- സാംസ്കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ലൈബ്രറി വിപുലീകരിക്കുന്നതിന് ഉതകുന്ന രീതിയിൽ നിയമസഭാ സാമാജികരുടെ ഫണ്ട് ഉപയോഗപ്പെടുത്തിയും സൗജന്യ പുസ്തക കൂപ്പൺ നൽകിയും പുസ്തകങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കുക വഴി കുട്ടികളെ വായനയുടെ ലഹരിയിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ നിയമസഭക്ക് പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ കഴിഞ്ഞിരുന്നു.