കോഴിക്കോട് ബൈപ്പാസ്: എം.കെ. രാഘവൻ എം പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി
ആവശ്യങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി നിർദേശം നൽകി
ന്യൂഡൽഹി : ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ വിഷയങ്ങൾക്കായി എം.കെ രാഘവൻ എം.പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. ഗതാഗതതടസ്സം ഒഴിവാക്കാൻ ഹൈലൈറ്റ് മാളിന് സമീപത്ത് നിർമിക്കുന്ന മേൽപ്പാലത്തിന്റെ നീളം കൂട്ടുകയോ സർവീസ് റോഡിന്റെ വീതികൂട്ടുകയോ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു.
പന്തീരാങ്കാവ് ഭാഗത്ത് ഡ്രെയ്നേജ് സംവിധാനം നിർമിക്കാൻ നിലവിൽ 2.4 കിലോമീറ്റർ മാത്രമാണ് അനുമതി. എന്നാൽ, 13.42 കിലോമീറ്ററെങ്കിലും ഡ്രെയ്നേജ് സംവിധാനമൊരുക്കിയില്ലെങ്കിൽ മഴക്കാലത്ത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാവും. ഇത് പരിഹരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. കുനിമ്മൽ താഴത്തും നിർമാണപ്രവൃത്തികൾ ആരംഭിച്ചശേഷം ഉയർന്നുവന്ന മറ്റുപ്രദേശങ്ങളിലും അണ്ടർ പാസുകൾ നിർമിക്കണമെന്നും അഭ്യർഥിച്ചു.
നിലവിൽ ഈ ആവശ്യങ്ങൾ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗങ്ങളിൽ ഉന്നയിച്ചതുപ്രകാരം ചേഞ്ച് ഓഫ് സ്കോപ്പിലൂടെ യാഥാർഥ്യമാക്കാൻ നാഷണൽ ഹൈവേയുടെ അനുമതിക്കായി നൽകിയിട്ടുണ്ടെങ്കിലും അനുമതി ലഭിക്കാത്തതിനാലാണ് മന്ത്രിയെ കണ്ടത്.ആവശ്യങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

