ജി.പി.എസ്. ഘടിപ്പിക്കുന്ന കമ്പനികൾക്കുള്ള വ്യവസ്ഥകൾ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
തട്ടിക്കൂട്ട് കമ്പനികളെ ഒഴിവാക്കാനാണ് മോട്ടോർവാഹന വകുപ്പ് ജി.പി.എസ്. കമ്പനികൾക്കുള്ള മാനദണ്ഡം ശക്തമാക്കിയത്

തിരുവനന്തപുരം: പൊതുയാത്രാ, ചരക്ക് വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കുന്ന കമ്പനികൾക്കുള്ള വ്യവസ്ഥകൾ മോട്ടോർ വാഹന വകുപ്പ് ശക്തമാക്കി.ഇതോടെ ഭൂരിഭാഗം കമ്പനികളും സംസ്ഥാനത്തെ പ്രവർത്തനം നിർത്തി. 50 ലക്ഷം രൂപ സുരക്ഷാനിക്ഷേപം അടച്ച് ഒരു കമ്പനി മാത്രമാണ് പ്രവർത്തനാനുമതി നേടിയത്.ഇത് വാഹന ഉടമകളെ വലയ്ക്കുകയാണ്.മറ്റു കമ്പനികളുടെ ജി.പി.എസ്. ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഇനി പുതിയവ ഘടിപ്പിക്കേണ്ടി വരും.
ടാക്സി വാഹനങ്ങളിൽ ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങൾക്ക് ജി.പി.എസ്. നിർബന്ധമാണ്. പെർമിറ്റുള്ള ചരക്കുവാഹനങ്ങൾ, ബസുകൾ എന്നിവയ്ക്കെല്ലാം ജി.പി.എസ്. നിർബന്ധമാണ്. ഇവ ഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റുമായി ബന്ധിപ്പിച്ചാലേ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കൂ.
തട്ടിക്കൂട്ട് കമ്പനികളെ ഒഴിവാക്കാനാണ് മോട്ടോർവാഹന വകുപ്പ് ജി.പി.എസ്. കമ്പനികൾക്കുള്ള മാനദണ്ഡം ശക്തമാക്കിയത്. 50 ലക്ഷം രൂപ ബാങ്ക് ഗാരന്റി നൽകണമെന്ന വ്യവസ്ഥ ചെറുകിട കമ്പനികൾക്ക് സ്വീകാര്യമല്ല.ജി.പി.എസ്. ഉപകരണങ്ങൾ വാഹനങ്ങളിൽ ഘടിപ്പിച്ച് സുരക്ഷാമിത്ര സോഫ്റ്റ്വയറുമായി ബന്ധിപ്പിക്കുന്ന ഡീലർമാർ ലൈസൻസിന് ഏഴു ലക്ഷം രൂപ അടയ്ക്കണം. ഈ നിബന്ധന ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അറിയിച്ചാണ് ഭൂരിഭാഗം ഡീലർമാരും പ്രവർത്തനം നിർത്തിയത്.