പ്രായപൂർത്തിയാവാത്ത മകൻ ബൈക്കോടിച്ചു; അമ്മയ്‌ക്ക് ശിക്ഷ
വാഹന രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു
വടകര :പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്‌ക്ക് പിഴയും തടവും ശിക്ഷ. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ രമ്യ(40)യെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 30,200 രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് ശിക്ഷ.
ചോമ്പാല പൊലീസ് രജിസ്‌റ്റർചെയ്ത കേസിലാണ് ശിക്ഷ. വാഹന രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ലൈസൻസില്ലാതെ വിദ്യാർഥികൾ വാഹനം ഓടിച്ച് അപകടം വരുത്തുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുക്കാൻ തുടങ്ങിയത്.
പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ബാപ്പയ്‌ക്ക് പിഴയും തടവും കോടതി ശിക്ഷ വിധിച്ചിരുന്നു. അഴിയൂർ കല്ലേരി വീട്ടിൽ ഫൈസലി (45) നെയാണ് ശനിയാഴ്‌ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. 30,200 രൂപയായിരുന്നു പിഴ. ഒരു വർഷത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കി.

