69-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച നടൻ അല്ലു അർജുൻ ; ആലിയ ഭട്ടും കൃതി സനനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മലയാള നടൻ ഇന്ദ്രൻസിന് പ്രത്യേക പരാമർശം

ന്യൂ ഡൽഹി: 69-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി അല്ലു അർജുൻ തെരഞ്ഞെടുക്കപ്പെട്ടു.പുഷ്പയിലെ പ്രകടനമാണ് അല്ലുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മികച്ച ചിത്രമായി റോക്കട്രി ദ് നമ്പി എഫക്ട് തെരഞ്ഞെടുത്തു. മികച്ച ഗായികയായി ശ്രേയ ഘോഷാലും മികച്ച സംവിധായകനായി നിഖിൽ മഹാജനെയും തെരഞ്ഞെടുത്തു.മികച്ച സഹനടനുള്ള പുരസ്കാരം ബോളിവുഡ് ചിത്രം മിമിയിലൂടെ പങ്കജ് ത്രിപാഠി നേടി.
ദേശീയ പുരസ്കാര നേട്ടത്തിൽ അഭിമാനിക്കാവുന്ന നേട്ടമാണ് മലയാള സിനിമ സ്വന്തമാക്കിയത്. മികച്ച പരിസ്ഥിതി ചിത്രം ആർ എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത മൂന്നാം വളവിനാണ്. ശ്രീ ഗോകുലം മൂവീസാണ് നിർമാണം. മികച്ച അനിമേഷൻ ചിത്രവും മലയാളത്തിൽ നിന്ന് തന്നെയാണ്. ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ് പുരസ്കാരം. ഇന്ദ്രൻസിന് പ്രത്യേക പരാമർശം.
മികച്ച മലയാളം ചിത്രമായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരംനായാട്ടിലൂടെ ഷാഹി കബീർ നേടി. കശ്മീർ ഫയൽസിലെ അഭിനയത്തിന് പല്ലവി ജോഷി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. കടയ്സി വ്യവസായി മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തെലുങ്ക് ചിത്രം ഉപ്പേന. മികച്ച എഡിറ്റിങ് പുരസ്കാരം ഗംഗുഭായ് കത്തിയാവിഡിക്ക് ലഭിച്ചു.