വാണിജ്യ പാചക വാതകത്തിന്റെ വില സിലിണ്ടറിന് 158 രൂപയായി കുറച്ചു
എണ്ണക്കമ്പനികളാണ് വാണിജ്യ പാചക വാതകത്തിന്റെ വില കുറയ്ക്കാനുള്ള നടപടിയെടുത്തത്

ന്യൂഡൽഹി: വാണിജ്യ പാചക വാതകത്തിന്റെ വില സിലിണ്ടറിന് 158 രൂപയായി കുറച്ചു. എണ്ണക്കമ്പനികളാണ് നടപടിയെടുത്തത്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചതായി വൃത്തങ്ങൾ അറിയിച്ചു.ഗ്യാസ് സിലിണ്ടറിന് വിലകുറയുന്നത് പ്രധാന മന്ത്രിയുടെ ഓണം രക്ഷാബന്ധൻ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിലെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,522 രൂപയാകും.നേരത്തെ ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഒഎംസികൾ 99.75 രൂപ കുറച്ചിരുന്നു. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വർധിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഗാർഹിക പാചകവാതകത്തിന്റെ വില കേന്ദ്ര സർക്കാർ 200 രൂപ കുറച്ചിരുന്നു.
ഉജ്ജ്വൽ യോജന പ്രകാരം കണക്ഷൻ എടുത്തവർക്കു നിലവിൽ 200 രൂപ സബ്സിഡി ലഭിക്കുന്നുണ്ട്. അധികമായി 200 രൂപ കൂടി ലഭിക്കുന്നതോടെ ഉജ്ജ്വൽ യോജനയിലെ ബിപിഎൽ കുടുംബങ്ങൾക്കു 400 രൂപയുടെ ഇളവ് കിട്ടും.
രാജസ്ഥാൻ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നേരത്തെ കോൺ ഗ്രസ് സബ്സിഡി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനങ്ങൾ വരുന്നത്.