മഹാരാജാസിൽ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവം; 6 വിദ്യാര്‍ഥികള്‍ മാപ്പ് പറഞ്ഞു
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. പ്രിയേഷിനോട് പറഞ്ഞു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ അടക്കം 6 വിദ്യാര്‍ഥികള്‍ മാപ്പു പറഞ്ഞു.കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസില്‍ അടക്കമുള്ള വിദ്യാർത്ഥികളായിരുന്നു അധ്യാപകനെ അപമാനിച്ചിരുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
കോളേജ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് വിദ്യാര്‍ഥികള്‍ മാപ്പ് പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. പ്രിയേഷിനോട് പറഞ്ഞു.
കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് കെഎസ്യു നേതാവടക്കം അപമാനിച്ചത്. ക്ലാസെടുക്കുന്നതിനിടെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസില്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നിന്നു. അദ്ദേഹത്തെ കളിയാക്കുന്ന പെരുമാറ്റവുമുണ്ടായി. ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ദൃശ്യം ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

