നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേർ; പ്രതിരോധത്തിനുവേണ്ടി 16 കോർ കമ്മിറ്റികൾ രൂപീകരിച്ചു; മന്ത്രി വീണാ ജോർജ്
പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു

കോഴിക്കോട്: നിപ പ്രതിരോധത്തിനുവേണ്ടി 16 കോർ കമ്മിറ്റികൾ രൂപീകരിച്ച് 16 പേർക്ക് ചുമതലകൾ നൽകിയെന്നും മന്ത്രി വീണ ജോർജ്. നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും കൺട്രോൾ റൂം തുറക്കുമെന്നും കോഴിക്കോട് നടന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തും. പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ജനങ്ങൾ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടർ, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, എസിപി എന്നിവരുടെ യോഗമാണ് ചേർന്നത്. വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും യോഗം ചേരും. സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം പൂനെയിൽ നിന്ന് ഫലം വന്നെങ്കിൽ മാത്രമേ നിപ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.