പാതിവഴിയിൽ പഠനം മുടങ്ങിയ മണിപ്പൂർ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കേരളം
ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാല മണിപ്പുർ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നത്

കണ്ണൂർ: മണിപ്പൂരിൽ ഉണ്ടായ വംശീയകലാപത്താൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. ഈ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം ഉണ്ടാക്കുമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മണിപ്പൂരിലെ വിദ്യാർഥികളുടെ ആദ്യ ബാച്ച് ഉപരിപഠനത്തിനായി കണ്ണൂരിൽ എത്തിയത്. തുടർ വിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിച്ചത്.
കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാല അധികൃതർ സ്വീകരണം നൽകി. ക്യാമ്പസിലെത്തിയ വിദ്യാർത്ഥികൾക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലും സ്വീകരണം നൽകി.
മണിപ്പുർ വിദ്യാർഥികൾക്കായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ആഗസ്‌തിൽ ചേർന്ന അടിയന്തിര സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനമായത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാല മണിപ്പുർ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നത്.