15,000 കുടുംബങ്ങൾക്കുളള പുതിയ എഎവൈ കാർഡുകളുടെ വിതരണം ആരംഭിച്ചു
അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽനിന്ന് പിടിച്ചെടുത്ത കാർഡുകളാണ് വിതരണം ചെയ്യുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 15,000 കുടുംബങ്ങൾക്ക് പുതുതായി നൽകുന്ന എഎവൈ കാർഡുകളുടെ വിതരണം ആരംഭിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽനിന്ന് പിടിച്ചെടുത്ത കാർഡുകളാണ് വിതരണം ചെയ്യുന്നത്. അയ്യൻകാളി ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഡോ. ഡി സജിത് ബാബു, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളീയത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നവംബർ രണ്ടിന് രാവിലെ 9.30ന് ടാഗോർ തിയറ്ററിൽ ‘കേരളത്തിന്റെ ഭക്ഷ്യഭദ്രത' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടൻ റൈസർ വീഡിയോ പ്രദർശനവും ഡിജിറ്റൽ പോസ്റ്റർ പ്രകാശനവും തെളിമ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി.