വളയത്ത് പൂവ്വംവയല്‍ സ്‌കൂളിലെ 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
വിദ്യാർഥികളോടൊപ്പം സ്‌കൂള്‍ ബസിന്റെ ഡ്രൈവറെയും ഒരു പാചകതൊഴിലാളിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് വളയത്ത് പൂവ്വംവയല്‍ എല്‍പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി പന്ത്രണ്ട് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഇന്നലെ സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.
പന്ത്രണ്ട് വിദ്യാര്‍ഥികളെയും സ്‌കൂള്‍ ബസിന്റെ ഡ്രൈവറെയും ഒരു പാചകതൊഴിലാളിയെയുമാണ് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂട്ടുകറി കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സൂചന.
ആദ്യം ഇവരെ പൂവ്വംവയല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തിലെത്തിയത്.

