പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിൽ
എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്
കൊച്ചി: നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തിനു ശേഷമാണ് മദ്യപിച്ച് വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പോലീസ് പറയുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.
വൈകിട്ട് നാലോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു. കതൃകടവിലുള്ള ഫ്ലാറ്റിൽ നിന്ന് വിനായകൻ നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഭാര്യയുമായുള്ള തർക്കത്തെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. പോലീസിന്റെ സഹായം ആവശ്യപ്പെട്ടതോടെ വനിതാ പോലീസ് അടങ്ങുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫ്ലാറ്റ് വാങ്ങിയതിലെ സാമ്പത്തിക തർക്കങ്ങളാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് വഴിവച്ചതെന്ന് മനസ്സിലാക്കി. പോലീസ് ഉദ്യോഗസ്ഥ മഫ്തിയിലാണ് വിനായകന്റെ വീട്ടിലെത്തിയത്. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥരോട് വിനായകൻ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. തുടർന്ന് പോലീസുകാർ തിരിച്ച് സ്റ്റേഷനിൽ എത്തി.വൈകിട്ട് വിനായകൻ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി ആവർത്തിച്ചു. ഏഴു മണിയോടെ സ്റ്റേഷനിൽ നേരിട്ട് എത്തി അസഭ്യവർഷം നടത്തുകയായിരുന്നു. ഇതിനിടെ സ്റ്റേഷനിൽ വച്ച് പുകവലിച്ച് വിനായകന് പിഴയിടാക്കുകയും ചെയ്തു. ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഹളം തുടരുകയായിരുന്നു. ഇതോടെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം നടപടി എടുത്തെതെന്ന് പോലീസ് പറഞ്ഞു.

