പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു
ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം അലങ്കാറിൽ നടക്കുന്ന ചടങ്ങിൽ ക്ലാപ്പ് ബോർഡ് അടിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു
പേരാമ്പ്ര: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സാംസ്കാരിക ഉന്നമനം എളുപ്പത്തിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര ബിആര്‍സി തലത്തില്‍ കുട്ടികള്‍ക്കായി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.
കലാമൂല്യമുള്ള സിനിമകളും, ഡോക്യുമെന്ററികളും, ഹ്രസ്വ സിനിമകളും കുട്ടികൾക്ക് കാണാനും, ആസ്വദിക്കാനും ഇതിലൂടെ അവസരം ലഭിക്കും. ഭാഷാ പഠനത്തിന് പിന്തുണ നൽകുന്നതോടൊപ്പം സിനിമയുടെ ശാസ്ത്രീയവും, സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക, ഉദാത്തമായ മാനുഷിക മൂല്യങ്ങളും, ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുക എന്നിവയുടെ ഭാഗമായി സ്കൂളുകളിൽ പരമാവധി 40 കുട്ടികളെ ഉൾപ്പെടുത്തി സിനിമ ക്ലബ്ബുകൾ ഇതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.
ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം അലങ്കാറിൽ നടക്കുന്ന ചടങ്ങിൽ ക്ലാപ്പ് ബോർഡ് അടിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബിആർസി പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 60 വിദ്യാർത്ഥികൾക്കാണ് പ്രദർശനം കാണുവാനുള്ള അവസരമൊരുക്കിയത്. ഇന്ന് കാലത്ത് 9 മണി മുതൽ പേരാമ്പ്ര അലങ്കാർ തിയ്യറ്ററിലും ബിആർസിയിലുമായി സത്യജിത്ത് റേയുടെ ടു, മാജിദ് മാജിദിയുടെ ദി സോങ് ഓഫ് സ്പാരോസ് എന്നീ രണ്ട് വിഖ്യാത ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ചടങ്ങിൽ കോഴിക്കോട് സമഗ്ര ശിക്ഷാ കേരള ഡിപിഒ പി.പി. മനോജ് കുമാർ പദ്ധതി വിശദീകരണം നടത്തി. പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എൻ. ബിനോയ് കുമാർ മുഖ്യാതിഥിയായിന്നു. കെ.വി. പ്രമോദ്, പി. രാമചന്ദ്രൻ, കെ. ഷാജിമ, വി.എം. അഷറഫ്, എ.സി. മൊയ്തീൻ എന്നിവർ സംബന്ധിച്ചു.
പേരാമ്പ്ര ബിആർസി ബിപിസി വി.പി. നിത സ്വാഗതം പറഞ്ഞു. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് ശേഷം ബിആർസിയിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. പ്രശസ്ത സംവിധായകൻ പ്രതാപ് ജോസഫ്, അധ്യാപകനും എഴുത്തുകാരനും നിരൂപകനുമായ വി.കെ. ജോബിഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

