കോഴിക്കോട് സി എച്ച് മേൽപ്പാലം പൂര്‍ണ്ണമായും തുറന്നു
രാവിലെ ഒമ്പതിന് മന്ത്രി മുഹമ്മദ് റിയാസും അതിഥികളും പാലത്തിലൂടെ സഞ്ചരിച്ചായിരുന്നു ഉദ്‌ഘാടനം

കോഴിക്കോട്: ബലപ്പെടുത്തൽ പൂർത്തിയാക്കിയ സി എച്ച് മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതു മരാമത്ത് വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസാണ് സമര്‍പ്പണ കര്‍മ്മം നിര്‍വ്വഹിച്ചത്. രാവിലെ ഒമ്പതിന് റിയാസും അതിഥികളും പാലത്തിലൂടെ സഞ്ചരിച്ചായിരുന്നു ഉദ്‌ഘാടനം. നഗരത്തിലെ ഏറ്റവും പഴക്കമുള്ളതും തിരക്കേറിയതുമായ പാലം ബലപ്പെടുത്താൻ 4.47 കോടി രൂപയാണ് ചെലവഴിച്ചത്.
കോഴിക്കോട് നഗരം ഒരു ടൂറിസ്റ്റ് സിറ്റിയായി മാറി കൊണ്ടിരിക്കുക യാണെന്നും ആകർഷകമാകുന്ന രീതിയിൽ കൂടുതൽ പാലങ്ങളെ നവികരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ജൂൺ 13ന് നവീകരണത്തിനായി അടച്ച പാലം നിശ്ചയിച്ചതിലും നേരത്തെയാണ് പൂർത്തിയാക്കിയത്. റെയിൽപ്പാളം കടന്നുപോകുന്ന സ്‌പാനിലെ ചെറിയ പ്രവൃത്തി മാത്രമാണ് ശേഷിക്കുന്നത്.