ഏകദിന ലോകകപ്പ്: ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർതാരം ലോകകപ്പിൽ നിന്ന് പുറത്ത്
സ്വന്തം ബൗളിംഗിൽ ബൗണ്ടറി അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ഹാർദിക്കിന്റെ ബാലൻസ് നഷ്ടപ്പെട്ടു വീഴുക ആയിരുന്നു.
പൂനെ :ഇന്ത്യൻ ഓൾറൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയെ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനാവാത്ത തിനെ തുടർന്ന് ലോകകപ്പ് ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്താക്കിയതായി ഐസിസി സ്ഥിരീകരിച്ചു. പൂനെയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിന്റെ ലിറ്റൺ ദാസിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് തടയാൻ ശ്രമിക്കവെയാണ് താരത്തിന് പരിക്ക് പറ്റുന്നത്. സ്വന്തം ബൗളിംഗിൽ ബൗണ്ടറി അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ഹാർദിക്കിന്റെ ബാലൻസ് നഷ്ടപ്പെട്ടു വീഴുക ആയിരുന്നു. ശേഷം താരത്തെ ബാംഗ്ലൂരിൽ ഉള്ള ക്രിക്കറ്റ് അക്കാദമിയിലേക്ക് ചികിത്സക്കായി അയക്കുക ആയിരുന്നു.
സെമിഫൈനൽ മത്സരം ആകുമ്പോൾ ഹാർദിക്ക് തിരിച്ചെത്തുമെന്നാണ് കരുതിയത് എങ്കിലും അത് നടക്കില്ല എന്ന സ്ഥിതീകരണം ഇന്ന് ലഭിച്ചിരിക്കുന്നു. ഹാർദിക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഈ കഴിഞ്ഞ മത്സരങ്ങളിൽ ഒന്നും നമ്മൾ അനുഭവിച്ചില്ലെങ്കിലും സെമിഫൈനലിൽ ഉൾപ്പടെ അതിന്റെ ബുദ്ധിമുട്ട് നമ്മൾ അനുഭവിച്ചേക്കും. ഒരു എക്സ്ട്രാ ബാറ്ററുടെയും എക്സ്ട്രാ ബോളറുടെയും കംപ്ലീറ്റ് പാക്കേജ് ആയ താരത്തിന്റെ അഭാവം ഇന്ത്യയെ അലട്ടിയേക്കും.
ഇന്ത്യ സെമിയിൽ എത്തിയ സഹചര്യത്തിൽ വരുന്ന രണ്ട് മത്സരങ്ങളിൽ ടീം കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള സാധ്യതകളുണ്ട്.പാണ്ഡ്യയുടെ പകരക്കാരനായി സീമർ പ്രസീദ് കൃഷ്ണയെ ടൂർണമെന്റിന്റെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ചു. നീണ്ട പരിക്കിന് ശേഷം തിരിച്ചുവരവ് നടത്തിയ 27 കാരനായ കൃഷ്ണ ഇന്ത്യക്കായി 17 ഏകദിനങ്ങൾ കളിക്കുകയും 29 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. പ്രസീദ് ടീമിലെത്തി യാലും അദ്ദേഹത്തിന് അവസരം കിട്ടാൻ സാധ്യത കുറവാണ്.

