കോഴിക്കോട് പാളയം പഴം-പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം
കോഴിക്കോടിന്റെ മുഖമായ പാളയത്തുനിന്ന് മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് വ്യാപാരികള്‍
കോഴിക്കോട്: കോഴിക്കോട് പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ വ്യാപാരികളുടെ സംയുക്ത പ്രതിഷേധം. ചൊവ്വാഴ്ച പാളയം ഭാഗത്ത് സ്ഥിതിചെയ്യുന്ന മുഴുവന്‍ കടകളും അടച്ച് പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം. മേയറുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് സൂചനാ പണിമുടക്കുമായി വ്യാപാരികള്‍ മുന്നോട്ടുപോകുന്നത്.അതേസമയം, മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് കോര്‍പ്പറേഷന്‍.
കോഴിക്കോടിന്റെ മുഖമായ പാളയത്തു നിന്ന് മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. നിരവധി കുടുംബങ്ങളുടെ ഉപ ജീവന മാര്‍ഗം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്മാറണമെന്നും കച്ചവടക്കാര്‍ പറയുന്നു.കണ്ണായ സ്ഥലത്തു നിന്ന് കല്ലുത്താന്‍ കടവിലേക്ക് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ മോശമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. പഴം-പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നത് പാളയത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യാപാര കേന്ദ്രങ്ങളേയും ബാധിക്കും. പാളയത്ത് പഴം-പച്ചക്കറി കടകള്‍ ഉള്‍പ്പടെ 500 ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
കോര്‍പ്പറേഷന് കെട്ടിട വാടക നല്‍കിക്കഴിഞ്ഞാല്‍ തുച്ഛമായ പണമാണ് ബാക്കിയുണ്ടാകുക. ഈയൊരു സാഹചര്യത്തില്‍ സ്വകാര്യ കമ്പനി നിശ്ചയിക്കുന്ന വാടക താങ്ങാന്‍ കഴിയില്ലെന്നും വ്യാപാരികള്‍ പറയുന്നു. സ്‌ക്വയര്‍ ഫീറ്റിന് 100 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 15 ലക്ഷം മുതല്‍ 20 ലക്ഷം വരെയുമാണ് കമ്പനി ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി പാളയത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. നവംബര്‍ പതിനേഴാം തീയതി വീണ്ടും ചര്‍ച്ച നടക്കുമെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.

