ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം
അടിയന്തര വെടി നിർത്തൽ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേൽ
ടെൽ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം. കഴിഞ്ഞ മാസം ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസ തകർന്നടിഞ്ഞു.
11500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടിയന്തര വെടി നിർത്തൽ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേൽ. ഒക്ടോബർ ഏഴിനാണ് പശ്ചിമേഷ്യയെ വീണ്ടും കലുഷിതമാക്കിക്കൊണ്ട് ഇസ്രയേലിൽ നുഴഞ്ഞു കയറി ഹമാസ് മിന്നലാക്രമണം നടത്തി, ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ്.
യുദ്ധം തുടങ്ങിയത് ഹമാസാണെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേലായിരിക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഓപ്പറേഷൻ അയേൺ സ്വേഡ് എന്ന പേരിലായിരുന്നു തിരിച്ചടി. 30 ദിവസം കൊണ്ട് 11500 ലധികം പേർ കൊല്ലപ്പെട്ടു. ഗാസയിൽ മാത്രം പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലായിരത്തിലധികം കുഞ്ഞുങ്ങളും.
ലോകരാജ്യങ്ങളെല്ലാം അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുമ്പോഴും ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. സ്വയം പ്രതിരോധമെന്ന് പറഞ്ഞ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണക്കുമ്പോൾ ഐക്യരാഷ്ട്രസഭക്കും ഒന്നും ചെയ്യാനാകുന്നില്ല. ഹമാസ് ബന്ദികളാക്കിയ ഇരുനൂറിലധികം പേരുടെ മോചനവും നീളുകയാണ്.

