ഡെസ്കിൽ താളം കൊട്ടി വൈറലായ അഭിജിത്തിന് ഇനി അടച്ചുറപ്പുള്ള വീട്
റിപ്പോർട്ടര്‍ ടിവി നൽകുന്ന വീടിന്റെ താക്കോൽദാനം റിപ്പോർട്ടര്‍ ടിവി എഡിറ്റോറിയൽ ടീം നിർവഹിച്ചു.
വയനാട്: ടീച്ചറുടെ പാട്ടിനൊത്ത് ഡെസ്കിൽ താളം കൊട്ടി വൈറലായ വയനാട് കാട്ടിക്കുളം സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ അഭിജിത്തിന് ഇനി അടച്ചുറപ്പുള്ള വീട്. വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെ അഭിജിത്തിന് റിപ്പോർട്ടര്‍ ടിവി നൽകുന്ന വീടിന്റെ താക്കോൽദാനം റിപ്പോർട്ടര്‍ ടിവി എഡിറ്റോറിയൽ ടീം നിർവഹിച്ചു. റിപ്പോർട്ടര്‍ ടിവി മാനേജിംഗ് എഡിറ്ററും ഡയറക്ടറുമായ ആന്റോ അഗസ്റ്റിൻ, ചെയർമാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസുകുട്ടി അഗസ്റ്റിൻ, റിപ്പോര്‍ട്ടര്‍ നെറ്റ് വർക്ക് പ്രസിഡന്റ് അനില്‍ അയിരൂര്‍, കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുണ്‍ കുമാര്‍ തുടങ്ങിയവർ താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുത്തു. അഭിജിത്തിന് വീട് നിർമ്മിച്ചു നല്‍കിയ മലബാര്‍ ടിഎംടി ഗ്രൂപ്പ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
അഭിജിത്തിന്റെ താളബോധത്തിനു സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേർ അഭിനന്ദനം അറിയിച്ചിരുന്നു. എന്നാൽ ഈ സന്തോഷത്തിനിടയിലും അഭിജിത്തിന്റെ ജീവിതം ടാർപ്പായ കൊണ്ട് മറച്ച കൂരയിലായിരുന്നു. ദുരിത പൂർണമായ അഭിജിത്തിന്റെ ജീവിതം പുറത്തു വന്ന വാർത്ത കണ്ട് നിമിഷങ്ങൾക്കകം മലബാര്‍ ടിഎംടി ഗ്രൂപ്പ് അഭിജിത്തിന് വീട് നൽകാമെന്ന് അറിയിച്ചു.
കാട്ടിക്കുളം പനവല്ലിയിലെ എടയൂർക്കുന്നിലാണ് അഭിജിത്തിന് വീട് ഒരുങ്ങിയത്. റിപ്പോർട്ടർ ടിവി എഡിറ്റോറിയൽ ടീമിന്റെ നേതൃത്വത്തിൽ അഭിജിത്തിന്റെ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. കേറിക്കിടക്കാൻ ഒരു വീട് എന്ന സ്വപ്നം നിറവേറിയ സന്തോഷത്തിലാണ് അഭിജിത്തിന്റെ കുടുംബം.

