കാസർഗോഡ് നവകേരള സദസിൽ പരാതി നൽകി ; ഒരാഴ്ച്ചക്കുള്ളിൽ പരിഹാരം
മകൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പണം വാങ്ങി കബളിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിക്കെതിരെ മന്നിപ്പാടി സ്വദേശി വിജയചന്ദ്രൻ നൽകിയ പരാതിയിലാണ് പരിഹാരമായത്.

കാസർഗോഡ് : നവകേരള സദസിൽ നൽകിയ പരാതിയിൽ ഒരാഴ്ച്ചക്കുള്ളിൽ പരിഹാരം. മകൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പണം വാങ്ങി കബളിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിക്കെതിരെ മന്നിപ്പാടി സ്വദേശി വിജയചന്ദ്രൻ നൽകിയ പരാതിയിലാണ് പരിഹാരം ലഭിച്ചത്.
മന്നിപ്പാടി സ്വദേശി അനഘയ്ക്ക് ആറ് മാസം മുൻപാണ് കാക്കനാട് സ്റ്റാർട്ടപ്പ് കമ്പനിയിൽ ജോലി ലഭിച്ചത്. ജോലി ചെയ്യാൻ ലാപ്ടോപ്പ് ആവശ്യമാണെന്നും ലാപ്ടോപ് ഇല്ലാത്തവർക്ക് 30% പണമടിച്ചാൽ ബാക്കി തുക സബ്സിഡിയായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനെ തുടർന്ന് നാല്പതിനായിരം രൂപ നൽകിയ അനഘയ്ക്ക് ആറ് മാസം കഴിഞ്ഞിട്ടും ജോലിയുമില്ല ലാപ്ടോപ്പുമില്ല.
കാസർഗോഡ് മണ്ഡലത്തിലെ നവകേരള സദസ്സിൽ എത്തിയാണ് അച്ഛൻ വിജയചന്ദ്രൻ പരാതി നൽകിയത്. പരാതി നൽകി തൊട്ടടുത്ത ദിവസം ആദ്യ സന്ദേശമെത്തി. നാല് ദിവസത്തിനകം പൊലീസ് ബന്ധപ്പെട്ടു. പിന്നാലെ നഷ്ടപ്പെട്ട പണം തിരികെ അക്കൌണ്ടിലെത്തി. എന്നാൽ ഇത്ര വേഗത്തിലുള്ള നടപടി വിജയചന്ദ്രനും പ്രതീക്ഷിച്ചിരുന്നില്ല .
ജില്ലയിൽ ലഭിച്ച 14,476 പരാതികൾ നവ കേരളസദസ്സ് പോർട്ടലിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. പരാതി വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ അതത് വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്.