കല്യാണ മണ്ഡപങ്ങൾക്കും ഓഡിറ്റോറിയങ്ങൾക്കുമെതിരെ നടപടി വരും
പേരും ഭക്ഷ്യസുരക്ഷ ലൈസൻസ് നമ്പറും രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം

കോഴിക്കോട് : ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും വെള്ളം ലഭ്യമാക്കുന്ന കല്യാണ മണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, കൺ വെൻഷൻ സെന്ററുകൾ എന്നിവയ്ക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നിർബന്ധമാക്കി. കഴിഞ്ഞ ദിവസം കുറ്റ്യാടിയിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന കല്യാണ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷ ബാധയേറ്റ സാഹചര്യത്തിലാണ് നടപടി. കുറ്റ്യാടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം വെള്ളം പരിശോധിച്ച റിപ്പോർട്ട് സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നിയമങ്ങൾ കർശനമായി നടപ്പാക്കാനും പരിശോധന നടത്തി നടപടി സ്വീകരിക്കാനും തീരുമാനിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം വെള്ളം ഭക്ഷണത്തിന്റെ നിർവചനത്തിൽ വരുന്നതാണ്. വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വിതരണം നടത്തുന്നവർ ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ എടുക്കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ രജിസ്ട്രേഷൻ എടുക്കാത്ത ഓഡിറ്റോറിയങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമം സെക്ഷൻ 31 പ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ സക്കീർ ഹുസൈൻ അറിയിച്ചു.
ഇതിനിടെ കൺവെൻഷൻ സെൻററിലും ഓഡിറ്റോറിയങ്ങളിലും ഇന്നലെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന നടന്നു. രജിസ്ട്രേഷൻ ഇല്ലാത്ത മൂന്ന് ഓഡിറ്റോറിയത്തിനും ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ചു റിപ്പോർട്ട് സൂക്ഷിക്കാത്ത ഒരു കൺവെൻഷൻ സെന്ററിനും ജില്ലയിൽ നോട്ടീസ് നൽകി. ബേപ്പൂർ , തിരുവമ്പാടി, നാദാപുരം, എലത്തൂർ, കൊടുവള്ളി സർക്കിളുകളിൽ ആയിരുന്നു ഇന്നലെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.