മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു
ഇന്ന് പുലര്‍ച്ചേ നെല്ലിക്കുത്ത് സ്കൂളിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്

മഞ്ചേരി: നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. കൗൺസിലറായിരുന്ന അബ്ദുൽ ജലീൽ വധ കേസിലെ ഒന്നാം പ്രതി നെല്ലികുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് (29) വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചേ 12.30 ഓടെ നെല്ലിക്കുത്ത് സ്കൂളിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. 2022 മാർച്ച് 28ന് പയ്യനാട് താമരശ്ശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമുണ്ടാവുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ജലീൽ കൊല്ലപ്പടുകയുമായിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് പ്രതികൾ കൗൺസിലറെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മൂന്ന് പ്രതികളാണുള്ളത്.