headerlogo
recents

തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശത്തില്‍ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

വനിത അവകാശ പ്രവർത്തക വിപി സുഹ്റയുടെ പരാതിയിലാണ് കേസെടുത്തത്

 തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശത്തില്‍ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്
avatar image

NDR News

05 Jan 2024 07:10 PM

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. തട്ടം ഇടാത്ത സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ എഴുത്തുകാരിയും പ്രോഗ്രസീവ് മുസ്ലിം വിമൻസ് ഫോറം പ്രസിഡന്റുമായ വി പി സുഹ്റ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് നടക്കാവ് പൊലീസിന്റെ നടപടി. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം.

       ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. ദിവസങ്ങൾക്ക് മുൻപേ നൽകിയ പരാതിയിൽ ഏറെ വൈകിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തയ്യാറായത്.സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി ന‌ൽകിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

       എന്നാൽ താൻ പറയാത്ത കാര്യങ്ങളാണ് ചാനലിൽ വന്നതെന്നും തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണ് എന്ന പരാമർശം നടത്തിയിട്ടില്ല എന്നും ഉമ്മർ ഫൈസി മുക്കം പറഞ്ഞു. തട്ടമിട്ട് അഴിഞ്ഞാടാൻ ആരെയും അനുവദിക്കില്ല എന്നാണ് പറഞ്ഞതെന്നും മതത്തിന്റെ കാര്യമാണ് പറഞ്ഞതെന്നും ഉമർ ഫൈസി പറഞ്ഞു.'തന്നെ മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനുശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.


 

NDR News
05 Jan 2024 07:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents