അധ്യാപകന്റെ കൈവെട്ടിയ കേസ്: NIA സംഘം കാസര്‍കോട്ട്, സവാദിന്റെ ഭാര്യയെ ചോദ്യംചെയ്യും
നിരോധിത സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും.
കാസർകോട്: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി എൻ.ഐ.എ സംഘം കാസർകോടെത്തി. കൊച്ചി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരത്ത് എത്തിയത്.
സവാദിന്റെ ഭാര്യവീടാണ് എൻ.ഐ.എയുടെ ലക്ഷ്യമെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി സവാദിന്റെ ഭാര്യയെ ചോദ്യംചെയ്യും. നിരോധിത സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും.
സ്പെഷ്യൽ ബ്രാഞ്ചിനെയോ ഉന്നത പോലീസ് ഉദ്യോഗസ്ഥരേയോ അറിയിക്കാതെ രഹസ്യമായാണ് എൻ.ഐ.എ സംഘം ഇവിടേക്കെത്തിയത്. കാസർകോടെത്തിയശേഷമാണ് വിവരം പോലീസിനെ അറിയിച്ചത്.

