കേരളത്തിൻ്റെ ബൗദ്ധിക സ്വത്ത് സംരക്ഷിക്കാൻ നടപടി വേണം: എം. കെ. രാഘവൻ എം.പി.
പേരാമ്പ്ര ഡിഗ്നിറ്റി കോളജിൻ്റെ വൈജ്ഞാനികോത്സവം സംഘടിപ്പിച്ചു

പേരാമ്പ്ര: കേരളത്തിലെ പുതുതലമുറ പ്ലസ് ടുവിനു ശേഷം ഉപരിപഠനത്തിനായി കേരളം വിടുന്നത് എന്തുകൊണ്ട് എന്നത് വിശദമായി പഠിക്കാൻ വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് എം.കെ. രാഘവൻ എം.പി. അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെയും ഇന്ത്യയുടെയും ബൗദ്ധിക സമ്പത്ത് നഷ്ടമാകാതിരിക്കാൻ അടിയന്തിര ശ്രദ്ധ വേണം. പരമ്പരാഗത കോഴ്സുകൾ മാത്രം പുതിയ കാലത്ത് മതിയാവില്ല. മാറുന്ന കാലത്തിനനുസൃതമായ ന്യൂ ജനറേഷൻ കോഴ്സുകളും വേണ്ടി വരും. - അദ്ദേഹം അഭിപ്രായപ്പെട്ടു.
പേരാമ്പ്ര ഡിഗ്നിറ്റി കോളജിൻ്റെ വൈജ്ഞാനികോത്സവം 'ഡിഗ്നിറ്റി ഫെസ്റ്റ് - 24' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ. സി. ഉമർ അധ്യക്ഷത വഹിച്ചു. ദാറുന്നുജൂം കോളജിനെ ഡിഗ്നിറ്റി കോളജ് ആയി പുനർനാമകരണം ചെയ്തതായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചു. കെ.ഇ.എൻ. മുഖ്യ പ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം,പി.ടി.എ. വൈസ് പ്രസിഡൻ്റ് വി.കെ. പ്രദീപൻ, കോളജ് കമ്മിറ്റി പ്രസിഡൻ്റ് പി.കെ. ഇബ്രാഹിം മാസ്റ്റർ, കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സുഹൈൽ എന്നിവർ പ്രസംഗിച്ചു. എ.കെ. അബ്ദുൽ അസീസ് സ്വാഗതവും ഷഹീദ് സി.കെ. നന്ദിയും പറഞ്ഞു. കോളജിന് പേര് നിർദേശിച്ച നീലിമാ ഇബ്രാഹിമിന് പ്രൊഫ.സി.ഉമറും കാമിയ മാനേജ്മെൻ്റ് ഫെസ്റ്റിലെ വിജയികൾക്ക് എ.കെ. കുഞ്ഞബ്ദുല്ലയും ഉപഹാരം നൽകി.