കെയർ'പദ്ധതി; അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതി ആവിഷ്കരിച്ച് കേരളം
കെയർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി ആറിന് നടക്കും

തിരുവനന്തപുരം: അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതി ആവിഷ്കരിച്ച് കേരളം. കെയർ' (KARe: Kerala Against Rare Diseases) എന്നാണ് പദ്ധതിയുടെ പേര് .
രോഗങ്ങൾ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, ചികിത്സകൾ ലഭ്യമായ സാഹചര്യങ്ങളിൽ അവ ലഭ്യമാക്കാനും, മരുന്നുകൾ കൂടാതെ സാധ്യമായ തെറാപ്പികൾ, സാങ്കേതിക സഹായ ഉപകരണങ്ങൾ ലഭ്യമാക്കുക, ഗൃഹ കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പ് വരുത്തുക, മാതാപിതാക്കൾക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുക തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
കെയർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 31 ഐസൊലേഷൻ വാർഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി ആറിന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി എന്നിവർ മുഖ്യാതിഥികളാകും.