അയനിക്കാട്, ബ്രാഞ്ച് കനാൽ ശുചീകരണം പ്രഹസനമാക്കിയെന്ന് പരാതി
തിയ്യക്കണ്ടിമുക്ക് മന്ദങ്കാവ് ഭാഗത്തേക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയാവും
നടുവണ്ണൂർ : കാരയാട് നിന്നും മന്ദങ്കാവിലേക്ക് കൃഷി ആവശ്യങ്ങൾക്കും വേനൽ കാലത്ത് കുടിവെള്ള സ്രോതസായും ജനങ്ങൾക്ക് പ്രയോജനപ്പെട്ടു കൊണ്ടിരുന്ന അയനിക്കാട് ബ്രാഞ്ച് കനാൽ കഴിഞ്ഞ മൂന്ന് വർഷമായി ശാസ്ത്രീയമായ രീതിയിലുള്ള ശുചീകരണം നടത്തുന്നില്ലെന്ന് പരാതി. ഇത് കാരണം വെള്ളം തുറന്നു വിട്ടാലും തിയ്യക്കണ്ടിമുക്ക് മന്ദങ്കാവ് ഭാഗത്തേക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. അടിക്കാടുകൾ വെട്ടാതെയും അടിഞ്ഞുകൂടിയ മണ്ണും ചപ്പുചവറുകളും നീക്കാതേയുമുള്ള അശാസ്ത്രീയമായ മിനുക്കു പണികൾക്കെതിരെ പൊതുജനങ്ങൾ അയൽ സഭകളിലും ഗ്രാമസഭകളിലും ജലസേചന വകുപ്പിലുമെല്ലാം പരാതിപ്പെട്ടെങ്കിലും അത് അധികാരികൾ ചെവിക്കൊണ്ടില്ലത്രേ.
മേൽക്കാടുകൾ വെട്ടി തീയിട്ടതു കൊണ്ട് മാത്രം കനാൽ സംരക്ഷിച്ചു നിർത്താൻ കഴിയില്ല. പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഈ കനാലിനെ സംരക്ഷിച്ചു നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കൈ കൊള്ളണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും 15-ാം വാർഡ് കോൺഗ്രസ് കമ്മറ്റി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരേയും പഞ്ചായത്ത് അധികാരികളേയും പ്രമേയത്തിലൂടെ അറിയിച്ചു

