ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലെ ആൾമാറാട്ടം ; പ്രാഥമിക ഘട്ടത്തിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ്
പി എസ് സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസില്‍ നേമം സ്വദേശികളായ സഹോദരങ്ങൾ പിടിയിലായിരുന്നു

തിരുവനന്തപുരം: പി എസ് സി ലാസ്റ്റ്ഗ്രേഡ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പ്രതികൾ ഇതേ പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ്. പ്രതികളായ നേമം മണ്ണക്കല്‍ തേരി കൃഷ്ണഭവനില്‍ അമല്‍ജിത്തും(31), സഹോദരന്‍ അഖില്‍ജിത്തും(29) പൊലീസ് കസ്റ്റഡിയിലാണ്.
സർവകലാശാല ലാസ്റ്റ് ഗ്രേഡ് പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്തായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയതയ ഇവരെ 23-ാം തീയതി വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കയായിരുന്നു.
ഡിഗ്രി ജയിച്ചവര്‍ക്ക് ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ല. അമല്‍ജിത്തിന് ഡിഗ്രി യോഗ്യതയില്ല. എന്നാല്‍, അഖില്‍ജിത്ത് ഡിഗ്രി യോഗ്യതയുണ്ട്. ഇരുവരും ഒരുമിച്ചാണ് പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അമല്‍ജിത്തിനുവേണ്ടി സഹോദരന്‍ അഖില്‍ജിത്ത് ആള്‍മാറാട്ടം നടത്തുകയായിരുന്നു.
രണ്ടുദിവസമായി ഒളിവില്‍ക്കഴിയുകയായിരുന്ന പ്രതികള്‍ പോലീസിനെ വെട്ടിച്ചാണ് വെള്ളിയാഴ്ച വഞ്ചിയൂരിലെ കോടതിയിലെത്തി കീഴടങ്ങിയത്.