വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീട് തകർന്ന് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

നാദാപുരം : വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീടിൻ്റെ സൺഷെയ്ഡ് തകര്‍ന്ന് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. നിർമാണ തൊഴിലാളികളായ ആലിശ്ശേരിക്കണ്ടി വിഷ്ണു (29), കൊടക്കാട് നവജിത്ത് (35 ) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
തൊഴിലാളികളായ ലിജേഷ്, രജിൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറ്റിക്കാട് കൊമ്മോട്ട് പൊയിൽ ശ്രീബേഷിന്റെ നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്‌ഡ് വാർപ്പിന്റെ കോൺക്രീറ്റ് സ്ലാബ് ആണ് അടർന്ന് വീണത്.
വലിയ ശബ്‌ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. വളയം പോലീസ് സ്ഥലത്തെത്തി.