താനൂരില്‍ മാതാവ് കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
മലപ്പുറം: താനൂരില്‍ മാതാവ് കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് മൂന്നുദിവസം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹം പോലീസ് പുറത്തെടുത്തത്. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിരൂർ തഹസീല്‍ദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വി.വി. ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം സംസ്കരിക്കും.
ഫെബ്രുവരി 26നാണ് താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് യുവതി കുഞ്ഞുമായി താനൂരിലെ വീട്ടിലെത്തി. രാത്രി എല്ലാവരും ഉറങ്ങിക്കിടന്ന സമയം ബക്കറ്റില്‍ വെള്ളം നിറച്ച് ഇവർ കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ വീടിന് സമീപം കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയതായി യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജുമൈലത്ത് ഒരു വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് ഇവർ പോലീസിന് മൊഴി നല്‍കിയത്.

