കൂരാച്ചുണ്ടില്‍ കാട്ടു പോത്തിറങ്ങി, ജനം ഭീതിയില്‍
ഇന്നലെ രാത്രി കാളങ്ങാലി ഭാഗത്താണ് ആദ്യം കാട്ടുപോത്തെത്തിയത്

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കൂട്ടത്തോടെ കാട്ടുപോത്തുകൾ ഇറങ്ങി. ഇന്നലെ രാത്രിയും ഇന്ന് കാലത്തുമായാണ് കാട്ടു പോത്തുകളുടെ വ്യവഹാരം. അങ്ങാടിയോട് ചേർന്ന് ജനവാസ കേന്ദ്രങ്ങളിലാണ് കാട്ടുപോത്തുകൾ കൂട്ടം ചേർന്ന് എത്തിയത്. ഇന്നലെ രാത്രി കാളങ്ങാലി ഭാഗത്ത് ഒരു കാട്ടുപോത്ത് എത്തിയിരുന്നു. ഇന്ന് പുലർച്ചെ ടെലഫോൺ എക്സ്ചേഞ്ച്ന് സമീപം ചാലിടം ഭാഗത്ത് മറ്റൊരു കാട്ടുപോത്തിനെയും കണ്ടു. ചാലിടത്ത് പുള്ള് പറമ്പിൽ ഭാഗത്ത് വീട്ടുമുറ്റങ്ങളിൽ പോലും കാട്ടുപോത്തെത്തിയതായി ദൃസാക്ഷികള്‍ പറഞ്ഞു. ജനങ്ങളെ കണ്ടതോടെ തിരിച്ചോടുകയായിരുന്നു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട കക്കയം ഫോറസ്റ്റ് റേഞ്ചർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം പോലീസ് വകുപ്പ് അധികാരികളും സംഭവമറിഞ്ഞ് സ്ഥലത്തെത്തി. കക്കയം വനമേഖലയിൽ നിന്ന് ഇറങ്ങിയവയാണ് കാട്ടു പോത്തുകളെന്ന് കരുതപ്പെടുന്നു. നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും ജനങ്ങൾ ഭീതിയിലാണ്. ഇവയെ കാട്ടിലേക്ക് തന്നെ തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് അധികൃതര്.
പെരുവണ്ണാമുഴി വനമേഖലയിൽ നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. കാട്ടുപോത്ത് ഇറങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ കൂരാച്ചുണ്ട് സെന്‍റ് തോമസ് യു.പി. സ്കൂളിന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം കക്കയത്ത് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ അമ്മക്കും കുഞ്ഞിനും നേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായി. അത്ഭുതകരമായാണ് ഇരു വരും രക്ഷപ്പെട്ടത്.