പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുഞ്ഞ് ബിഹാര്‍ സ്വദേശികളുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം
തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെയും സഹോദരങ്ങളെയും മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കും.

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്ത് വന്നു. ഇതോടെ കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയെന്ന് സ്ഥിരികരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയില്‍ ഉള്‍പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ ദമ്പതികള്‍ക്ക് കൈമാറാമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുട്ടിയെ ലഭിച്ചാല്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.
കേസില്‍ പ്രതി ഹസന്‍കുട്ടിയ്‌ക്കെതിരെ വധശ്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. പോക്സോ കേസ് പ്രതിയാണ് ഇയാൾ. ജയിലിൽ നിന്നിറങ്ങി രണ്ടാം മാസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് വിശദമായ അന്വേഷിക്കും. ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.