ബാലുശ്ശേരിയിൽ നാലാംക്ലാസുകാരിയെ ലൈംഗികമായി ആക്രമിച്ച കേസ്; പ്രതിക്ക് 65 വർഷം കഠിനതടവ്
നന്മണ്ട സ്വദേശി കിണറ്റുംപത്ത് ശിവദാസനെയാണ് നാദാപുരം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്

കോഴിക്കോട്: ബാലുശ്ശേരിയിൽ നാലാംക്ലാസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 65 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്മണ്ട സ്വദേശി കിണറ്റുംപത്ത് ശിവദാസനെയാണ് നാദാപുരം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
അശ്ലീല വീഡിയോ കാണിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ വീട്ടിലെ വിറക് പുരയിൽ വെച്ചും അയൽവാസിയുടെ പണിതീരാത്ത വീട്ടിൽ വെച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടി ബന്ധുവീട്ടിൽ പോയപ്പോഴാണ് ബന്ധുക്കളോടും കുടുംബാംഗങ്ങളോടും ഈ സംഭവം പറയുന്നത്.
ചൈൽഡ് ലൈനിലും ബാലുശ്ശേരി പോലീസിലും പരാതി നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 18 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.