വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു
സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവൻ.
കൊച്ചി: വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കട്ടപ്പനയിലെ ദരിദ്ര കുടുംബത്തിലായിരുന്നു സന്തോഷിന്‍റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്‍റേയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്‍റ് ഹൈസ്‌ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസായി. പിന്നീട് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. സ്വയം സന്യാസപരിവേഷം ചാര്‍ത്തിയ സന്തോഷ് മാധവന്‍ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടു.
സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ച് വന്നിരുന്ന ഇദ്ദേഹത്തെ 40 ലക്ഷം രൂപ തട്ടിയെന്ന ദുബായ് ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ 2008 ല്‍ നല്‍കിയ പരാതിയിലൂടെയാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. പിന്നീട് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നു. നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ടായിരുന്നു. പീഡന ദൃശ്യങ്ങളടങ്ങിയ സിഡികള്‍ അടക്കം താമസസ്ഥലത്ത് നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ശിക്ഷ അനുഭവിക്കുന്നതിനിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വിഐപി പരിഗണന നല്‍കിയെന്നതും വിവാദമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ഇയാള്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവൻ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.

