കാട്ടുപോത്ത് ആക്രമണം; 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും ആവശ്യപ്പെട്ട് അബ്രഹാമിൻ്റെ കുടുംബം
അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 10 ലക്ഷം രൂപ ഇന്ന് കൈമാറും

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ വ്യവസ്ഥകൾ മുന്നോട്ടുവച്ച് കൊല്ലപ്പെട്ട അബ്രഹാമിൻ്റെ കുടുംബം. 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകണമെന്നാണ് ആവശ്യം.
കാട്ടുപോത്തിനെ കാടുകയറ്റണം എന്ന് പല തവണ ആവശ്യപ്പെട്ടിരുന്നു എന്ന് ഭാര്യ തെയ്യാമ്മ പ്രതികരിച്ചു. കക്കയം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ വൈകിട്ടാണ് അബ്രഹാമിൻ്റെ സംസ്കാരം. കോഴിക്കോട് മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വന്യജീവി അക്രമത്തിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ദൗത്യ സംഘം ഇന്ന് കക്കയത്തെത്തും. അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 10 ലക്ഷം രൂപ ഇന്ന് കൈമാറും.