ബാലുശ്ശേരിയിൽ കാട്ടുപന്നി ആക്രമണം: വയോധികക്കും പശുക്കുട്ടിക്കും പരിക്ക്
കിനാലൂർ ഭാഗത്തെ കുറ്റിക്കാടുകളിൽ നിന്നാണ് കാട്ടുപന്നിയിറങ്ങിയത്
ബാലുശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്കും പശുക്കുട്ടിക്കും പരിക്കേറ്റു ഇന്നലെ രാവിലെയോടെ പനങ്ങാട് പഞ്ചായത്തിലെ അറപ്പീടികയിലും ബാലുശ്ശേരി മണ്ണാഞ്ചേരി ഭാഗത്തും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. രാവിലെ പത്തരയോടെ അറപ്പീടികയിലെ മഠത്തിൽ പറമ്പിലേക്ക് മതിൽ ചാടിയാണ് കാട്ടുപന്നി വന്നത്. വീടിൻറെ പിറകിൽ നിൽക്കുകയായിരുന്ന ശോഭനയെ ആദ്യം ആക്രമിച്ചു. കാലിന് സാരമായി പരിക്കേറ്റ ശോഭന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറപ്പീടിക ഭാഗത്തു നിന്ന് ബാലുശ്ശേരി മുക്കിലെ വയലിലൂടെ മണ്ണഞ്ചേരി ഭാഗത്ത് ഉണ്ണി വീട്ടിൽ അബ്ദുറഹ്മാന്റെ വീടിനു പിറകിൽ ഓടി കയറിയ കാട്ടുപന്നി യുടെ മുന്നിൽനിന്ന് തലനാരിഴക്കാണ് അബ്ദുറഹിമാൻ മറ്റൊരാളും രക്ഷപ്പെട്ടത്. എങ്കിലും ഇവർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇവിടെനിന്നും തൊട്ടടുത്ത വയലിലേക്ക് ഇറങ്ങിയ കാട്ടുപന്നി അവിടെ പുല്ലുമേയുകയായിരുന്ന പശുക്കുട്ടിയെ കുത്തി മുറിവേൽപ്പിച്ചു. തുടർന്ന് പന്നി വടൂർ ഭാഗത്തേക്ക് കുതിച്ചു. കിനാലൂർ ഭാഗത്തെ കുറ്റിക്കാടുകളിൽ നിന്നാകാം കാട്ടുപന്നി നാട്ടിലേക്ക് ഇറങ്ങിയതെന്നാണ് നിഗമനം. വാർഡ് മെമ്പർ ഹരീഷ് നന്ദനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരിഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

