'മൈ ഡിയർ കുട്ടിച്ചാത്തനി'ലെ ബാലതാരം സൂര്യകിരൺ അന്തരിച്ചു
മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
ചെന്നൈ: 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍ (48) അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ' ആണ് മലയാളികള്‍ക്ക് പരിചയമെങ്കിലും സംവിധായകൻ എന്ന നിലയിലാണ് സൂര്യകിരൺ പിന്നീട് തിളങ്ങിയത്.
തെലുങ്ക് സിനിമയിൽ അഭിനേതാവായും സംവിധായകനായുമായായിരുന്നു സൂര്യകിരണിൻ്റെ രണ്ടാം വരവ്. നടി കാവേരി സൂര്യകിരണിന്റെ ഭാര്യയായിരുന്നു. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. മലയാളത്തിലുൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.
ബാലതാരമായി 200-ലേറെ ചിത്രങ്ങളിൽ വേഷമിട്ട ശേഷമാണ് സൂര്യകിരൺ സംവിധാനത്തിലേക്ക് തിരിഞ്ഞത്. 1978-ൽ പുറത്തിറങ്ങിയ 'സ്നേഹിക്കാൻ ഒരു പെണ്ണ്' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 'മൗന ഗീതങ്ങൾ', 'സത്യഭാമ', 'പടിക്കാത്തവൻ' തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

