'42 ജവാൻമാരെ കൊന്നാണ് കഴിഞ്ഞ തവണ ബിജെപി ജയിച്ചത്': ആന്റോ ആന്റണി
സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കശ്മീർ ഗവർണർ വെളിപ്പെടുത്തി
തിരുവനന്തപുരം: പുൽവാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണവുമായി ആന്റോ ആന്റണി എംപി. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നാണ് ആന്റോ ആന്റണിയുടെ ഗുരുതര ആരോപണം. ''സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ഗവർണർ വെളിപ്പെടുത്തി.'' പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.
കേന്ദ്രം അറിയാതെ പുൽവാമയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ലെന്നും ആൻ്റോ ആൻ്റണി എം പി ചൂണ്ടിക്കാണിച്ചു. അന്നത്തെ കശ്മീർ ഗവർണർ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. കൃത്രിമമായി സൃഷ്ടിച്ച സ്ഫോടനമെന്ന് കശ്മീർ ഗവർണർ പറഞ്ഞിരുന്നു. ഇന്ത്യൻ ടെറിറ്ററിക്കുള്ളിൽ നടന്ന സ്ഫോടനമാണ് പുൽവാമയിലേത്. ഇത്രയും ആർഡിഎക്സുമായി ഗവൺമെൻ്റിൻ്റെ സംവിധാനം അറിയാതെ ആർക്കും കടന്ന് ചെല്ലാൻ കഴിയില്ല. 42 ജവാൻമാരുടെ ജീവൻ കേന്ദ്രം ബലി കൊടുത്തുവെന്നും ജവാൻമാരെ റോഡിലൂടെ മനപൂർവ്വം നടത്തിച്ചുവെന്നും ആൻ്റോ ആൻ്റണി എം പി കുറ്റപ്പെടുത്തി.
ഇന്ത്യയിൽ ഏറ്റവും സുരക്ഷാ ഭീഷണി നേരിടുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി. മണിപ്പൂരിൽ രാഹുൽ ഗാന്ധി ഒറ്റയ്ക്ക് പോയതും ആൻ്റോ ആൻ്റണി എം പി ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് പറയുന്നത് നടപ്പാക്കുന്ന പാർട്ടിയാണെന്ന് ചൂണ്ടിക്കാണിച്ച ആൻ്റോ ആൻ്റണി ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ നിയമം എടുത്ത് കളയുമെന്നും വ്യക്തമാക്കി.

