മാവൂരിൽ പോത്തിന്റെ അക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
പനങ്ങോട്- മുണ്ടനട റോഡിൽ ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം
മാവൂർ: പോത്തിന്റെ അക്രമണത്തിൽ വയോധികൻ മരിച്ചു. മാവൂർ പനങ്ങോട് താമസിക്കുന്ന അരയങ്കോട് പള്ളിക്കണ്ടി അസൈ(72)നാണ് മരിച്ചത്. പനങ്ങോട്- മുണ്ടനട റോഡിൽ പൂക്കോട് താഴത്ത് ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
അസൈൻ വളർത്തുന്ന പോത്തിനെ വയലിൽ തീറ്റിച്ച ശേഷം അഴിച്ചു കൊണ്ടുവരുന്നതിനിടെ പോത്ത് ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഇയാളെ പോത്തിൻ്റെ ആക്രമണത്തിൽനിന്ന് മോചിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ അസൈനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

