സംസ്ഥാനത്ത് ചൂട് കനക്കും; ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് തുടരും
രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ താപനില ഉയരും. പാലക്കാട് ജില്ലയിൽ ശനിയാഴ്ച വരെ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ഉൾപ്പെടെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർദ്ധിക്കാനാണ് സാധ്യത.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നും പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സംസ്ഥാനത്ത് വേനൽ മഴ തുടരാനും സാധ്യത. തിരുവനന്തപുരം മുതൽ വയനാട് വരെ 11 ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും. മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.