കൊടും ചൂട്;സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ സർക്കാർ നിർദ്ദേശം, പുറംജോലികൾക്കും നിയന്ത്രണം
തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
സ്കൂൾ വിദ്യാർത്ഥികൾക്ക് 11 മണിമുതൽ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. പകൽ സമയത്തെ പരിശീലനവും ഡ്രില്ലും ഒഴിവാക്കണം. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം.സ്കൂളുകള്‍ ഓൺലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നത്. യോഗത്തില്‍ വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു.പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.