സാഹസികമായി വാഹനമോടിച്ച യുവാക്കൾക്ക് അപൂർവ്വ ശിക്ഷയുമായി എം.വി.ഡി.
ശിക്ഷ ആലപ്പുഴ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി ഓർത്തോ വിഭാഗങ്ങളിലും പത്തനാപുരം ഗാന്ധി ഭവനിലും സേവനം
കായംകുളം: സാഹസികമായി വാഹനമോടിച്ച യുവാക്കൾക്ക് അപൂർവ്വ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. സാമൂഹ്യ സേവനമാണ് യുവാക്കൾക്ക് ശിക്ഷയായി നൽകിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് നൂറനാണ് കല്യാണത്തിന് പങ്കെടുക്കാൻ പോയ യുവാക്കൾ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സാഹസികമായി വാഹനം ഓടിച്ചത്. മോട്ടോർ വാഹനവകുപ്പ് എടുത്ത കേസിലാണ് ഡ്രൈവർ ഉൾപ്പെടെ നാല് യുവാക്കൾക്ക് ഇന്നലെ മാവേലിക്കര മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്ന് വ്യത്യസ്തമായ ശിക്ഷ നൽകിയത്.
സംഭവത്തിൽ ഡ്രൈവർ അൽഖാലിദ് ബിൻസാജിറിന്റെ ലൈസൻസ് റദ്ദാക്കി. വാഹനത്തിന്റെ നാല് ഡോറുകളുടെയും മുകളിലിരുന്ന് അഭ്യാസപ്രകടനം നടത്തിയ അഫ്ത്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, സജാസ് എന്നിവർക്ക് സാമൂഹ്യസേവനമാണ് ശിക്ഷയായി നൽകിയത്.
ശിക്ഷയുടെ ആദ്യ ഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി, ഓർത്തോ വിഭാഗങ്ങളിൽ 4 ദിവസം യുവാക്കൾ സന്നദ്ധ സേവനം നടത്തണം. തുടർന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ആവശ്യമായ സേവനം നൽകണം. ആശുപത്രിയിൽ എത്തി അപകടങ്ങളുടെ ഭീകരത കുട്ടികൾ കണ്ടു മനസിലാകട്ടെ എന്ന് ആർ.ടി.ഒ. പറഞ്ഞു. യുവാക്കളുടെ കുടുംബവുമായി ആലോചിച്ചാണ് നടപടി.
സംഭവത്തിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ യുവാക്കളുടെ വീട്ടിലെത്തിയാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് വണ്ടി ഓടിച്ച ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നല്ല നടപ്പിന് വേണ്ടി എടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ആദിക്കാട്ടുകുളങ്ങരയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസിന് കൈമാറി. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. എം.ജി. മനോജാണ് പ്രതികൾക്ക് ശിക്ഷ നൽകിയത്.

