ആർ.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു
ആക്രമണമുണ്ടായത് ഇന്ന് രാത്രി എട്ട് മണിയോടെ

കോഴിക്കോട്: ആർ.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപത്തുള്ള വീടിന് നേരെ ഇന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
സ്ഫോടക വസ്തു ഗെയ്റ്റിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബാണ് എറിഞ്ഞതെന്നാണ് ആദ്യം കരുതിയതെങ്കിലും, പടക്കം പോലുള്ള സ്ഫോടക വസ്തുവാണിതെന്നുമാണ് പ്രാഥമിക പരിശോധനയിൽനിന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിൽ എത്തിയവരാണു സ്ഫോടക വസ്തു എറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് പേർ വൈകിട്ടോടെ വീടിന് സമീപത്ത് ബൈക്കിൽ ചുറ്റിത്തിരിഞ്ഞതായി റിപ്പോർട്ടുണ്ട്. ഭീതിപരത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കരുതുന്നു. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.