കുറ്റിക്കാട്ടൂരിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് തീ പടർന്നത്
കുറ്റിക്കാട്ടൂർ: ആനക്കുഴിക്കരയിൽ വൻ തീപിടിത്തം. സ്വകാര്യ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ആനക്കുഴിക്കര ഹമ്പിനുസമീപമുള്ള കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി 11ഓടെയാണ് തീ പടർന്നത്.
വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം, നരിക്കുനി, ബീച്ച് എന്നീ അഗ്‍നിരക്ഷ നിലയങ്ങളിൽനിന്നുള്ള ഏഴു യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. പുലർച്ചയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടർന്നു. വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി.
നാട്ടുകാരും പരിസരവാസികളും ഏറെ പണിപ്പെട്ടാണ് സമീപപ്രദേശങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത്. പരിസരത്ത് വ്യാപകമായി പുകപടലങ്ങളും നിറഞ്ഞിരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിവരം.

